ആലപ്പുഴയിലെ അരൂക്കുറ്റി പ്രദേശത്ത് കൈതപ്പുഴ കായലിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലധികം വരുന്ന തണ്ണീര്‍ത്തടം ഒരു റിസോര്‍ട്ട് മാഫിയ സ്വന്തമാക്കിക്കഴിഞ്ഞു. ഇവിടെയുള്ള കൂറ്റന്‍മതിലിനകത്ത് നടക്കുന്നത് കടുത്ത നിയമലംഘനമാണ്. കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചാണ് ഇപ്പോള്‍ നികത്തുന്നത്. മതിലിനോട് ചേര്‍ന്നുള്ള ചെറിയ വഴിയിലൂടെ കായലിലേക്ക് പോകുമ്പാള്‍ ഇതിന്‍റെ ഭീകരത കൂടുതല്‍ വ്യക്തമാകും. കായലില്‍ നിന്ന് യഥേഷ്‌ടം മണല്‍ സ്വകാര്യ വ്യക്തികള്‍ കുഴിച്ചെടുത്ത് കയ്യേറുന്നു. മുളങ്കുറ്റികള്‍ കുഴിച്ചിട്ട് അതില്‍ തുണി കെട്ടി അതിലേക്ക് മണല്‍ നിറച്ചാണ് കായല്‍ സ്വകാര്യ വ്യക്തികളുടേക്കി മാറ്റുന്നത്.

ഇവിടെ മാത്രമല്ല, തൊട്ടടുത്ത് കൈതപ്പുഴ കായലിനോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടങ്ങളിലും കരിങ്കല്‍ കെട്ടുകൊണ്ട് പ്ലോട്ടുകളായി തിരിച്ച് മണ്ണിട്ട് നികത്തി നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്‍. ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടങ്ങളാണ് നികത്താനായി ഇട്ടിരിക്കുന്നത്. ഇവിടെയാണെങ്കില്‍ യഥേഷ്‌ടം സ്വാകാര്യ ആവശ്യങ്ങള്‍ക്കായി കായലില്‍ മുള കെട്ടി തിരിച്ചിട്ടുമുണ്ട്. ഇവിടേക്ക് അടിച്ചുകയറ്റി കരയാക്കുകയാണ് ലക്ഷ്യം. അധികൃതര്‍ എല്ലാമറിയുന്നുണ്ടെങ്കിലും ആരും കണ്ടഭാവം നടിക്കുന്നില്ല. ചുരുക്കത്തില്‍ കായലോട് ചേര്‍ന്ന് ഭൂമിയുള്ളവരില്‍ മിക്കവരും കായല്‍ വ്യാപകമായി കയ്യേറുകയാണിപ്പോള്‍.