നാലാമത്തെ കേസിൽ രണ്ട് കുറ്റങ്ങളിലായി 14 വര്‍ഷം 7 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും​

ദില്ലി: കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുവിന് വീണ്ടും ശിക്ഷ. 1995-96 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ വ്യാജരേഖയുണ്ടാക്കി 3 കോടി 13 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് റാഞ്ചി പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ക്രിമിനൽ ഗൂഡാലോചനക്കും അഴിമതിക്കും ലാലുവിന് 7 വര്‍ഷം വീതം 14 വര്‍ഷം ജയിൽ ശിക്ഷയും 60 ലക്ഷം പിഴയും കോടതി നൽകി. ഇതിൽ 7 വര്‍ഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. കാലിത്തീറ്റ അഴിമതിയിലെ നാലാമത്തെ കേസിലും ഇതോട ലാലുവിന് ശിക്ഷകിട്ടി. ആദ്യ കേസിൽ അഞ്ചുവര്‍ഷവും രണ്ടാമത്തെ കേസിൽ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസിൽ അഞ്ചുവര്‍ഷത്തെ ശിക്ഷയും ലാലുവിന് ലഭിച്ചിട്ടുണ്ട്.

എല്ലാം വ്യത്യസ്ഥ കേസുകളായതിനാൽ ശിക്ഷയും അതുപോലെ അനുഭവിക്കേണ്ടിവരും. ആകെയുള്ള 29 പ്രതികളിൽ മുൻ മുഖ്യമന്ത്രി ജഗന്മാഥ് മിശ്ര ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട കോടതി ലാലു ഉൾപ്പടെ 14പേരെയാണ് ശിക്ഷിച്ചത്. ഇനി 139 കോടി രൂപ ട്രഷറിൽ നിന്ന് പിൻവലിച്ച കേസിൽ കൂടി ലാലു പ്രതിയാണ്.

900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ രജിസ്റ്റര്‍ ചെയ്ത അമ്പതിലധികം കേസുകളിൽ അ‍ഞ്ച് കേസുകളിലാണ് ലാലുവിനെ പ്രതിചേര്‍ത്തത്. കോടതി വിധി ലാലുവിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് ആര്‍.ജെ.ഡി ആരോപിച്ചു. സിബിഐ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ആര്‍.ജെ.ഡി അറിയിച്ചു.