കരിഞ്ചോലമലയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളിലേതുള്‍പ്പടെ ജില്ലയിലെ മുഴുവന്‍ ക്വാറികളുയെടും പ്രവര്‍ത്തനം നിര്‍ത്തിവയക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കെട്ടിട നിര്‍മ്മാണത്തിലെ കരിങ്കല്ല് ക്ഷാമം ചൂണ്ടിക്കാട്ടി കളക്ടര്‍ തന്നെ പ്രവര്‍ത്തനാനുമതി പുനസ്ഥാപിച്ചു. ഉരുള്‍പൊട്ടല്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ ക്വാറികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് കളക്ടര്‍ യു.വി ജോസിന്‍റെ പ്രതികരണം 

കോഴിക്കോട്:മഴക്ക് ശമനമുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് കോഴിക്കോടിന്‍റെ മലയോര മേഖല. കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ 53 ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ക്വാറികളുടെ പ്രവര്‍ത്തനം സജീവമായ മേഖലകളിലാണ് പ്രകൃതി ദുരന്തം ആവര്‍ത്തിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍, ആനോട്, കുരങ്ങത്തും പാറ, കല്‍പിനി, കൂമ്പാറ, എന്നിവിടങ്ങളിലും കാരശേരി പഞ്ചായത്തിലെ സണ്ണിപ്പടി, ഊരാളിക്കുന്ന്, തോട്ടക്കാട് തുടങ്ങിയ പ്രദേശങ്ങളുമുണ്ടായത് ഉരുള്‍പൊട്ടല്‍ പരമ്പര. കല്‍പിനിയില്‍ രണ്ട് പേര്‍ മരിച്ചു. വീടുകളും കൃഷിയും തകര്‍ന്നതുള്‍പ്പടെ പത്ത് കോടിയോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍കരുതലായി പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

മലയോര മേഖലയില്‍ ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഈ രണ്ട് പഞ്ചായത്തുകളിലാണ്. കൂടരഞ്ഞിയില്‍ 18ഉം കാരശേരിയില്‍ 14 ഉം ക്വാറികള്‍ക്കാണ് പഞ്ചായത്തുകള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലയായി ചൂണ്ടിക്കാട്ടിയ പ്രദേശങ്ങള്‍ പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായപ്പോഴേക്കും ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തുകളുടെ ന്യായീകരണം. പക്ഷേ പ്രദേശങ്ങളില്‍ ദുരന്തം ആവര്‍ത്തിച്ചതോടെ പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ഉത്തരം മുട്ടുന്നു.

കരിഞ്ചോലമലയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളിലേതുള്‍പ്പടെ ജില്ലയിലെ മുഴുവന്‍ ക്വാറികളുയെടും പ്രവര്‍ത്തനം നിര്‍ത്തിവയക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കെട്ടിട നിര്‍മ്മാണത്തിലെ കരിങ്കല്ല് ക്ഷാമം ചൂണ്ടിക്കാട്ടി കളക്ടര്‍ തന്നെ പ്രവര്‍ത്തനാനുമതി പുനസ്ഥാപിച്ചു. ഉരുള്‍പൊട്ടല്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ ക്വാറികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് കളക്ടര്‍ യു.വി ജോസിന്‍റെ പ്രതികരണം.