ശ്രീനഗര്‍: പാക് ലഷ്കര്‍ തീവ്രവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗം സര്‍ക്കാരുകള്‍ക്ക് വിവരം നല്‍കി. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം തുടരുന്നതിനിടെയാണ് നുഴഞ്ഞുകയറ്റ ഭീഷണി.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറില്ർ നാംഗിതെക്രി മേഖലയെ കുറിച്ച് രഹസ്യാന്വേഷണ വിവരത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കാശ്മീര്‍ ഇന്‍റലിജെന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സൈനിക പോസ്റ്റുകളോട് മുന്‍കരുതലെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

45 അംഗ സംഘത്തെ കാശ്മീരിലേക്ക് കടത്തി ആക്രമണം നടത്താനാണ് പദ്ധതി. പാക് സൈന്യം ഇവര്‍ക്ക് സഹായമൊരുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന്‍റെ പിന്തുണയുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ ആരോപിച്ചിരുന്നു.

 രഹ്യാന്വേഷണ രേഖകളില്‍ സൂചിപ്പിക്കുന്ന പ്രദേശങ്ങളില്‍ നേരത്തെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഈ പ്രദേശങ്ങള്‍ ഇന്ത്യന്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്‍റെ അധീനതയിലാണെന്നും ബി എസ് എഫും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കുകയെന്നും കാശ്മീര്‍ പോലീസ് അറിയിച്ചു.