തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് അവസാനിക്കും. ആദ്യ ദിവസം പുലര്‍ച്ചെ 1.30നാണ് നടപടികള്‍ പൂര്‍ത്തിയായത്. ഇന്ന് കൂടിയേ അവസരമുള്ളൂ എന്നതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രവേശനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാങ്ക് ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളും തമ്മില്‍ സമവായത്തിലെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരും. 

അഞ്ച് ലക്ഷം രൂപയുടെ ഫീസിന് പുറമേ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണമെന്ന വ്യവസ്ഥ കാരണം ഈ പണം കണ്ടെത്താന്‍ കഴിയാത്ത പലരും പ്രവേശനത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ആറുമാസത്തേക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുമെന്നാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന ധാരണ. ഇതനുസരിച്ച് കൂടുതല്‍ പേര്‍ ഇന്ന് പ്രവേശനത്തിനെത്തുമെന്നാണ് കരുതുന്നത്.