Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ വായ്പ സഹായ പദ്ധതി ഇന്ന് മുതല്‍ അപേക്ഷിക്കാം

Launch of education loan repayment scheme today
Author
First Published Aug 5, 2017, 2:35 PM IST

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു വിദ്യാഭ്യാസ വായ്പ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹായപദ്ധതിയില്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  2016 മാര്‍ച്ച് 31-നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കും. ശേഷിക്കുന്ന 40 ശതമാനം വായ്പയെടുത്തയാള്‍ വഹിക്കണം. പലിശ ബാങ്ക് എഴുതിത്തള്ളും.

പദ്ധതിയില്‍ അപേക്ഷിക്കാന്‍ ചെയ്യേണ്ടത്

  • http://www.elrs.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി ശനിയാഴ്ച മുതല്‍ അപേക്ഷിക്കാം.
  • ആദ്യം രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം.
  • തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബാങ്കിന് സമര്‍പ്പിക്കണം.
  • ബാങ്കിന്റെ പരിശോധന തീരുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വിഹിതം അടച്ചാല്‍ സര്‍ക്കാര്‍ വിഹിതം ബാങ്കിന് നല്‍കും.

നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ലഭിക്കും. പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ വായ്പയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.

2016 മാര്‍ച്ച് ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങുകയും നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകള്‍ക്കും സഹായം ലഭിക്കും. അടിസ്ഥാനവായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും പങ്കുവെച്ചാണ് തിരിച്ചടക്കുക. ഒന്നാംവര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കണം. നാലുവര്‍ഷമാണ് ഈ സഹായത്തിന്‍റെ കാലാവധി.

നഴ്‌സിങ്ങിനൊഴികെയുള്ള മറ്റു കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്‍റ്, എന്‍.ആര്‍.ഐ. എന്നീ ക്വാട്ടയില്‍ പ്രവേശനം നേടിയവരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവരും ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവരും പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.
 

Follow Us:
Download App:
  • android
  • ios