തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്‌ക്കാമെന്ന് അയ്യപ്പന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കാമെന്നും ഈ നിര്‍ദ്ദേശം ഗവേണിംഗ് ബോഡി യോഗത്തില്‍ മുന്നോട്ടു വയ്‌ക്കുമെന്നും അയ്യപ്പന്‍ പിള്ള വ്യക്തമാക്കി.
അതേസമയം, ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാളിന്റെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. പ്രിന്‍സിപ്പാളിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹാജര്‍രേഖകളിലും പ്രിന്‍സിപ്പാള്‍ കൈകടത്തിയെന്നും ഉപസമിതി കണ്ടെത്തി. മെറിറ്റ് അട്ടിമറിക്കപ്പെട്ടുവെന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്.
അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമാണെന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി. അതേസമയം ലോ അക്കാദമി സമരത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
