ദില്ലി: മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ മുസ്ളീം വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുത്തലഖ് മതേതര രാഷ്ട്രമായ ഇന്ത്യക്ക് യോജിക്കാത്തതെന്നും കേന്ദ്രം വാദിച്ചു. മുത്തലാഖിനൊപ്പം ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

മുത്തലാഖ് കേസിൽ രണ്ട് ദിവസത്തെ ഹര്‍ജിക്കാരുടെ വാദത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം തുടങ്ങിയത്. മുത്തലാഖ് ഭരണഘടന വിരുദ്ധവും നിരോധിക്കപ്പെടേണ്ടതുമാണെന്ന് അറ്റോര്‍ണി ജനറൽ മുകുൾ റോത്തഖി വാദിച്ചു. മുത്തലാഖ് സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെങ്കിൽ മുസ്ളീം വിവാഹ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരും. 

മുത്തലാഖ് രീതി പൂര്‍ണമായി ഇല്ലാതായാൽ മാത്രമെ അതിന് സാധിക്കൂവെന്നും അറ്റോര്‍ണി ജനറൽ വാദിച്ചു. മാറ്റത്തിന്‍റെ ഭാഗമായി പല മുസ്ളീം രാഷ്ട്രങ്ങളും മുത്തലഖ് വിവാഹ മോചന രീതി വേണ്ടെന്നുവെച്ചു. അപ്പോഴും ഇന്ത്യയിൽ മാത്രം അത് തുടരുന്നു. ഇന്ത്യയെ പോലുള്ള ഒരു മതേതര രാഷ്ട്രത്തിന് യോജിക്കാനാകാത്തതാണ് മുത്തലാഖെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

മുത്തലഖും ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും സമാനമാണ്. അതുകൊണ്ട് മുത്തലഖിനൊപ്പം ബഹുഭാര്യത്വും നിക്കാഹ് ഹലായയും നിരോധിക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിൽ അതുകൂടി പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ മുത്തലഖിന്‍റെ ഭരണഘടന സാധുത പരിശോധിക്കാൻ മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ വ്യക്തമാക്കി. 

എങ്കിലും മുത്തലാഖിന് ശേഷം ബഹുഭാര്യത്വത്തിന്‍റെയും നിക്കാഹ് ഹലാലയുടെയും നിയമസാധുത പരിശോധിക്കാമെന്നും കോടതി അറിയിച്ചു.