വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. 

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. 

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. അതേസമയം, വനിത മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎൽഎ എം കെ മുനീറിന്‍റെ പരാമർശത്തെച്ചൊല്ലി ഇന്ന് നിയമസഭയില്‍ കയ്യാങ്കളിയുണ്ടി.

ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും എന്ന എംകെ മുനീർ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും ബഹളമുണ്ടാക്കി. തുടര്‍ന്ന് വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചു. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങി പോവുകയും ചെയ്തു.