യുഡിഎഫിന്‍റെ കാലത്ത് വഴിവിട്ട് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ പാര്‍ലമെന്‍റ് അടുത്തതോടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി പട്ടയങ്ങള്‍ അനുവദിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. റവന്യൂ - വനം മന്ത്രിമാരുടെ ഒത്താശയോടെയാണ് ഇപ്പോള്‍ പട്ടയ വിതരണത്തിനുള്ള ശ്രമം നടക്കുന്നത്.


പത്തനംതിട്ട: യുഡിഎഫിന്‍റെ കാലത്ത് വഴിവിട്ട് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ പാര്‍ലമെന്‍റ് അടുത്തതോടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി പട്ടയങ്ങള്‍ അനുവദിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. റവന്യൂ - വനം മന്ത്രിമാരുടെ ഒത്താശയോടെയാണ് ഇപ്പോള്‍ പട്ടയ വിതരണത്തിനുള്ള ശ്രമം നടക്കുന്നത്.

പത്തനംതിട്ട വനമേഖലയില്‍ യുഡിഎഫിന്‍റെ കാലത്ത് അനുവദിച്ച പട്ടയങ്ങള്‍ തുടര്‍ന്ന് അധികാരമേറ്റെ എല്‍ഡിഎഫ് റദ്ദാക്കിയിരുന്നു. രേഖകളിൽ ഇത് വനഭൂമിയാണ്. ഇവിടെ പട്ടയം അനുവദിക്കണമെങ്കിൽ വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനയും, കേന്ദ്രസർക്കാർ അനുമതിയും വേണം. ഇതൊന്നും ഇല്ലാതെയാണ് 2016 -ലെ നിയമസഭാ തെരഞ്ഞെുപ്പ് അടുത്തപ്പോൾ യുഡിഎഫ് സർക്കാർ പട്ടം നൽകിയത്. നിയമവിരുദ്ധമായാണ് യുഡിഎഫ് അന്ന് പട്ടയവിതരണം നടത്തിയതെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ഇടത് സർക്കാർ പട്ടയങ്ങൾ റദ്ദാക്കുകയായിരുന്നു. 

വീണ്ടും തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ പട്ടയവിതരണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ഇപ്പോള്‍ പത്തനംതിട്ടയിൽ വൻതോതിൽ പട്ടയങ്ങൾ അനുവദിക്കാൻ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി വന നിയമങ്ങളൊന്നും പാലിക്കേണ്ടെന്ന് റവന്യു വനം മന്ത്രിമാർ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍റെ വഴിവിട്ട നീക്കം.

കോന്നി താലൂക്കിലെ 1500 ഹെക്ട്റിലധികം വനഭൂമിയിലാണ് ഇപ്പോള്‍ പട്ടയവിതരണം നടത്താന്‍ ശ്രമം നടക്കുന്നത്. 4000 ത്തിലധികം അപേക്ഷകരാണ് ഇപ്പോഴുള്ളത്. വനഭൂമിയില്‍ പട്ടയ വിതരണം നടത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയത് വിചിത്ര വഴിയാണ്. 1977 ന് മുൻപാണ് അപേക്ഷകർ വനഭൂമിയിൽ താമസം തുടങ്ങിയത്. അതുകൊണ്ട് 1980 ലെ നിയമം അവർക്ക് ബാധകമല്ലത്രെ. വനം - റവന്യു മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് വിചിത്രമായ ഈ ന്യായം കണ്ടെത്തിയത്.

അതേസമയം വനഭൂമി ഏത് കാലത്ത് കൈയ്യേറിയാലും അത് കൈയ്യേറ്റമാണെന്ന കാര്യം യോഗത്തിൽ പങ്കെടുത്ത എല്ലാവരും സൗകര്യപൂർവ്വം മറക്കുകയായിരുന്നു. തീരുമാനം നടപ്പിലാക്കാൻ പത്തനംതിട്ട കലക്ടറേറ്റിലേക്ക് നിർദ്ദേശം എത്തി. പക്ഷെ ഉദ്യോഗസ്ഥർക്ക് അടുത്ത നടപടിക്ക് ധൈര്യം പോരാ. പക്ഷെ പാർലമെന്‍റ് തെരഞ്ഞടുപ്പ് അടുക്കുന്തോറും സർക്കാർ സമ്മർദ്ദം ശക്തമാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.