സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുമുന്നണി രംഗത്ത്. ഇന്ന് വൈകിട്ട് കുണ്ടമന്‍കടവ് ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുമുന്നണി രംഗത്ത്. ഇന്ന് വൈകിട്ട് കുണ്ടമന്‍കടവ് ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വൈകീട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കും. അതേസമയം, ആശ്രമത്തിന് പരിസരത്തെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇന്ധനം എവിടെ നിന്ന് ശേഖരിച്ചുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ നിര്‍ണ്ണായക വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. 

പമ്പുകളിൽ നിന്നും കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുകയാണ്. പരസര പ്രദേശത്ത് നിന്ന് പെട്രോള്‍ വ്യാപകമായി വാങ്ങിച്ചത് സംബന്ധിച്ച വിവരം പൊലീസ് അന്വേഷിച്ചുവരുകയാണ്. അതേസമയം, സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഒരുക്കി. ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലും പൊലീസ് കാവല്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.