കോഴിക്കോട്: കോഴിക്കോട്ട് പൊലീസിനെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധം. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഇടതുമുന്നണി പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇടതു മുന്നണി സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളാണ് പൊലീസ് തകര്‍ത്തത്. സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുക പോലും ചെയ്യാതെ പൊലീസ് നടത്തിയ നടപടിയാണ് ഇടതുമുന്നണി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുതലക്കുളത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് കിഡ്‌സണ്‍ കോര്‍ണ്ണറില്‍ സമാപിച്ചു. ഇടത് അനുകൂല സംഘടനയായ കോര്‍പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ പ്രചാരണ ബോര്‍ഡുകളും പൊലീസ് അടിച്ച് തകര്‍ത്തതായി പരാതിയുണ്ട്. ഈ സംഘടനയും നഗരത്തില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.