മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭുരിപക്ഷമുണ്ടാകുമെന്ന ലീഗിന്റ പ്രതീക്ഷകള്‍ക്കു മങ്ങല്‍. അനുകൂലമായ ധാരാളം സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ ഭുരിപക്ഷം മറികടക്കാനായില്ലെങ്കില്‍ അതു ലീഗിന് തിരിച്ചടിയാകും.

പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയായതോടെ 2014ല്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റ ഭുരിപക്ഷം വലിയ പ്രയാസമില്ലാതെ മറികടക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ലീഗ്. ഇ അഹമ്മദിന്റ മരണം ഉയര്‍ത്തിയ വിവാദങ്ങളും സഹതാപ തരംഗമുണ്ടാക്കുമെന്നും ലീഗ് കണക്കുകൂട്ടി. കൂടാതെ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ അടക്കമുള്ള സംഘടനകളുടെ പിന്തുണ പൂര്‍ണമായും ഉറപ്പാക്കുന്നതില്‍ ലീഗ് പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍. ലീഗിന്റെ മുഴുവന്‍ വോട്ടുകളും പെട്ടിയിലാക്കാനുമായില്ല.

ആയിരക്കണക്കിന് അനുയായികള്‍ ഉംറയടക്കമുള്ള കാര്യങ്ങള്‍ക്കായി വിദേശത്തുമായിരുന്നു. അതു കൊണ്ടു തന്നെ ഭുരിപക്ഷത്തെക്കുറിച്ച് നേരത്തെ പറഞ്ഞ ഉറപ്പൊന്നും വോട്ടെണ്ണലിന്റ ഒരു ദിവസംമുന്‍പ് ലീഗിന് പറയാനുമാകുന്നില്ല.

കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിക്ക് പ്രതികൂലമായ തട്ടവിവാദം പോലുള്ള കാര്യങ്ങളും ഇത്തവണയില്ല. യു ഡി എഫിന്റെ പോളിങ് ഏജന്റുമാരുടെ പരിശീലന ക്‌ളാസ് ഇന്നു രാവിലെ മലപ്പുറത്തു നടന്നിരുന്നു. സ്ഥാനാര്‍ത്ഥിക്കു ലഭിച്ച മുഴുവന്‍ വോട്ടുകളും ഉറപ്പു വരുത്തകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ തവണത്തെ ഭുരിപക്ഷം മറികടക്കാനാവില്ലെന്ന് ഏകദേശം കണക്കു കൂട്ടിയതോടെ പെട്ടിയില്‍ വീണ ഓരോ വോട്ടും ഉറപ്പാക്കാനൊരുങ്ങുകയാണ് എക്യജനാധിപത്യ മുന്നണി.