Asianet News MalayalamAsianet News Malayalam

ബ്യൂട്ടിപാർലര്‍ വെടിവയ്പ്പ്; ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിലെന്ന് ലീന മരിയ പോൾ

ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിലെന്ന് ലീന മരിയ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും നടി വെളിപ്പെടുത്തി.  

Leena mariya paul s response
Author
Kochi, First Published Dec 16, 2018, 12:23 PM IST


കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോൾ.  ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിലെന്ന് ലീന മരിയ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും നടി വെളിപ്പെടുത്തി. രവി പൂജാരിയെ അറിയില്ല. പൂജാരിയുടെ പേരിൽ മറ്റാരെങ്കിലും ഭീഷണിപ്പെടുത്തിയതാണോ എന്നും സംശയമുണ്ട്.  പൊലീസ് സംരക്ഷണം തേടും, ഹൈക്കോടതിയെയും സമീപിക്കും എന്നും  ലീന മരിയ പോൾ  പറഞ്ഞു. 

വെടിവയ്പ്പ് കേസിൽ നാളെ പൊലീസിന് മൊഴി നൽകും. തനിക്കെതിരെ നിലവിൽ കേസൊന്നുമില്ലെന്നും ലീന മരിയ പോൾ പറഞ്ഞു. മുംബൈ അധോലോക നായകരിൽ ഒരാളാണ് രവി പൂജാരി. മുംബൈ അധോലോക സംഘങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്പോ‍ർട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകൾ ഒരു വർഷം മുമ്പ് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്‍റെ പാർക്കിങ് ഏരിയയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios