ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെ തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം എറണാകുളം ജില്ലയിലെ സിമന്റ് ഫാക്ടറികളിലും ഗോഡൗണുകളിലും പരിശോധന നടത്തിയത്.

കൊച്ചി: തൂക്കത്തിൽ വെട്ടിപ്പ് നടത്തിയ സിമന്റ് കമ്പനിക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. ഇന്ത്യ സിമന്റ്സ് കമ്പനിക്കെതിരായാണ് നടപടി. 50 കിലോയുടെ ചാക്കിൽ മൂന്ന് കിലോ വരെ കുറവുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെ തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം എറണാകുളം ജില്ലയിലെ സിമന്റ് ഫാക്ടറികളിലും ഗോഡൗണുകളിലും പരിശോധന നടത്തിയത്. 80 സാന്പിളുകൾ പരിശോധിച്ചതിൽ 65ലും ചാക്കിൽ സിമന്റിന്റെ അളവിൽ കുറവ് കണ്ടെത്തി. ഒരു കിലോ മുതൽ മൂന്ന് കിലോഗ്രാം വരെ കുറവാണ് ഓരോ ചാക്കിലും കണ്ടെത്തിയത്. തൂക്കത്തിൽ വെട്ടിപ്പ് നടത്തിയതിന് പാക്കേജ്ഡ് കമോഡിറ്റി നിയമപ്രകാരം ഇന്ത്യ സിമന്റ് നിർമ്മാതാക്കൾക്കെതിരെ മെട്രോളജി വിഭാഗം കേസെടുത്തു. ആറര ലക്ഷം രൂപ പിഴ ചുമത്തി.

സംസ്ഥാനത്തിനകത്ത് പാക്ക് ചെയ്യുന്ന സിമന്റ് ബാഗിലെ അളവിൽ വ്യത്യാസമില്ലെന്നും സംസ്ഥാനത്തിന് പുറത്ത് പാക്ക് ചെയ്യുന്നതിലാണ് അളവിൽ തട്ടിപ്പുള്ളതെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ രാം മോഹൻ പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന പരിശോധന മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ തീരുമാനം.