കണ്ണൂർ: നഗരത്തെ മണിക്കൂറോളം വിറപ്പിച്ച പുലി വളർത്തുപുലിയെന്ന സംശയം ബലപ്പെടുന്നു. വനംവകുപ്പിന് പുറമെ പോലീസും പുലിയെ വളർത്തിയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ജനവാസ കേന്ദ്രത്തിൽ നിന്നും പിടിച്ചത് വളർത്തുപുലിയെന്ന് സംശയിക്കാൻ കാരണങ്ങൾ ഏറെയാണ്. ചിലര്‍ നിരീക്ഷണത്തിലാണെന്നാണ് ജില്ല പോലീസ് പറയുന്നത്.
കണ്ണൂരിലെ തായതെരു റെയിൽവേ ട്രാക്കിന് സമീപം ഏഴു മണിക്കൂറോളം യാതൊരു ഭാവപകർച്ചയും ഇല്ലാതെ കിടന്ന പുലി ഒരു പ്രാവശ്യം മാത്രമാണ് ട്രെയിനിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്. ഈ സമയങ്ങളിൽ 29 ട്രെയിനുകൾ തെക്ക്-വടക്കായി പാഞ്ഞുപോയിട്ടും പുലി ശാന്തനായി കുറ്റിക്കാട്ടിൽ ഇരുന്നു.
മാത്രമല്ല പുലി പതിയിരുന്ന കുറ്റിക്കാട്ടിന് ചുറ്റുമായി വൻ പുരുഷാരം നിറഞ്ഞ് ശബ്ദകോലാഹലങ്ങൾ ഉണ്ടായിട്ടും പുലി അനങ്ങിയില്ല. ഇതൊക്കെ പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നുള്ള തെളിവായിട്ടാണ് വനംവകുപ്പ് കാണുന്നത്.
വീട്ടിൽ വളർത്തിയ പുലി അല്ലെങ്കിൽ സർക്കസ് കൂടാരത്തിൽ നിന്നും മറ്റും ചാടിയതാണെന്നാണ് മറ്റൊരു നിഗമനം. തിരുവനന്തപുരം വെറ്ററിനറി ഡോക്ടർ കെ. ജയകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അന്വേഷണം തുടരുകയാണ്. ഇതിനു പുറമെയാണ് പോലീസും ജില്ലയിലെ ഒരു സന്പന്നനെ നിരീക്ഷിക്കുന്നത്.
