തുടർച്ചയായി പുലിയിറങ്ങുന്നു
പത്തനംതിട്ട:നാട്ടുകാരെ ഭീതിയിലാഴ്ത്തി പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ഉൾപ്പടെയുള്ള മലയോര മേഖലകളിൽ തുടർച്ചയായി പുലിയിറങ്ങുന്നു. ഇന്നലെ ആങ്ങമൂഴിയിൽ രണ്ട് വളർത്ത് നായ്ക്കളെ പുലി പിടിച്ചു.വനംവകുപ്പ് നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആങ്ങമൂഴി കോട്ടമൺപാറ തേക്ക്തോട് മേഖലകളിലാണ് പുലിയിറങ്ങുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടക്ക് അഞ്ച് വളർത്ത് നായക്കളെയാണ് പുലി കൊന്നത്.
ഇന്നലെ രാത്രി ആങ്ങമൂഴി സ്വദേശി സണ്ണിയുടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളർത്ത് നായയെ പുലി കൊന്നു. ബഹളംകേട്ട് പുറത്ത് ഇറങ്ങിയ വീട്ടുകാർ നായെ കടിച്ചു കൊണ്ട് പോകുന്ന പുലിയെ കണ്ടു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
സന്ധ്യകഴിഞ്ഞും പുലർച്ചെയും റബ്ബർ തോട്ടങ്ങളില്‍ ഒറ്റയ്ക്ക് പോകരുതെന്ന് വനം വകുപ്പ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിവതും കൂട്ടമായി പോകണമെന്നാണ് നിർദ്ദേശം. വളർത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥലങ്ങളില്‍ പാർപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്. മലയോര മേഖലകളിലെ വത്യസ്ഥ സ്ഥലങ്ങളില്‍ പുലിയിറങ്ങുന്നതിനാല്‍ കൂട് വച്ച് പുലിയെ പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് . കഴിഞ്ഞ രണ്ട് ആഴ്ചയായി സ്ഥിരമായി പുലി ഇറങ്ങിയ കോട്ടമണ്‍ പാറയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
