ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്ത് അകപ്പെട്ട പുലിയെ രക്ഷിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കൂടിയ അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്.
ബഗേശ്വര്‍: കെണിയില്‍ കുടുങ്ങിയ പുളളിപ്പുലിയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്കനെ പുളളിപ്പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്ത് അകപ്പെട്ട പുലിയെ രക്ഷിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കൂടിയ അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്.
നദി തീരത്ത് പുലിയെ കണ്ട വിവരം നാട്ടുകാരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിൽ ജഗദീഷ് സിങും ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. പുലിയുടെ കാലിലും കൈയിലും കുരുക്കിട്ടതിന് ശേഷം വെള്ളത്തിൽനിന്നും കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ജഗദീഷ്. ഇതിനായി പുലിയുടെ കൈയിൽ കുരുക്കിടുന്നതിനിടെ പുലി ഇയാളെ ആക്രമിക്കുകയായിരുന്നു.
പുലി ജഗദീഷിന്റെ കാലിൽ കടിക്കുകയും വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

