കൊച്ചിയില്‍ മീന്‍ഡ കച്ചവടം തൊടുപുഴ കോളേജില്‍ പഠനം ഹനാന്‍റെ കഠിനാധ്യാനം മാതൃക

കൊച്ചി: തൃശ്ശൂര്‍ സ്വദേശിനി ഹനാന്‍ ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നത് ആരും മാതൃകയാക്കേണ്ട കാഴ്ചയാണ്. വൈകുന്നേരമാകുമ്പോള്‍ കൊച്ചിയിലെ പാലാരിവട്ടം തമ്മനം ജങ്ഷനില്‍ ഒന്ന് പോയാല്‍ മതി. പുഞ്ചിരിക്കുന്ന മുഖവുമായി അവിടെ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയെ കാണാം. അവളാണ് ഹനാന്‍. തൊടുപുഴയിലെ അല്‍ അസര്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ യൂണിഫോം പോലും മാറാതെയാണ് തന്‍റെ മീന്‍ കച്ചവടത്തിന് ഓടിയെത്തുന്നത്.

മാടവനയിലെ വാടക വീട്ടില്‍ താമസിക്കുന്ന ഹനാന്‍ പുലര്‍ച്ചെ ചമ്പക്കര മീന്‍ ചന്തയിലെത്തി മീനുമായി തമ്മനത്തെത്തും. ചമ്പക്കരയിലേക്ക് സൈക്കിളില്‍ പോകുന്ന ഹനാന്‍ മീന്‍കൊട്ടയും സൈക്കിളുമായി ഓട്ടോയിലാണ് തമ്മനത്തെത്തുക. കുട്ടയിലെ മീന്‍ മാര്‍ക്കറ്റില്‍ ഇറക്കി വച്ച് അവള്‍ കോളേജിലേക്ക് പോകും. കൊച്ചിയിലെ വീട്ടില്‍നിന്ന് അറുപത് കിലോമീറ്റര്‍ ദൂരത്താണ് അല്‍ അസര്‍ കോളേജ്. വൈകീട്ട് 3.30 ഓടെ കോളേജ് വീട്ടാല്‍ ആവള്‍ നേരെ ഓടുന്നത് തമ്മനത്തേക്കാണ്. പിന്നെ തകൃതിയായി മീന്‍ വില്‍പ്പന. മണിക്കൂറുകള്‍ക്കുള്ളില്‍ കൊട്ടയിലെ മീന്‍ മുഴുവന്‍ കാലിയാക്കി അന്നത്തെ പണവുമായി വീട്ടിലേക്ക് മടങ്ങും. 

പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങുന്ന ഹനാന്‍റെ ഓട്ടപ്പാച്ചില്‍ അവസാനിക്കുന്നത് വൈകീട്ടാണ്. തൃശൂരുകാരിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പ്ലസ് ടുവില്‍ പഠനം അവാസിപ്പിക്കുകയായിരുന്നു. ഡോക്ടറാവാന്‍ ആഗ്രഹിച്ച അവള്‍ പഠനം തുടരാന്‍ പണത്തിനായി എറണാകുളത്തെത്തി. കോള്‍സെന്‍ററിലും ഓഫീസിലുമൊക്കെ ജോലി ചെയ്ത് പണം സമ്പാദിച്ച് പഠനം തുടര്‍ന്നു. പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള പഠനം നടന്നത് ട്യൂഷനെടുത്തും മുത്തുമാല കോര്‍ത്ത് വിറ്റുമായിരുന്നു. 

ഇതിനിടയില്‍ രക്ഷിതാക്കള്‍ വേര്‍പിരിഞ്ഞു. ഹനാന് ചെവിയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നു. കോളേജ് അധികൃതരുടെ തന്നെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നതിനാല്‍ പണച്ചെലവുണ്ടായില്ല. മീന്‍ വില്‍പ്പനയ്ക്ക് ഒരുമാസത്തോളം രണ്ട് പേരുടെ സഹായമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പെരുമാറ്റം തന്നെ തളര്‍ത്തിയതിനാല്‍ മീന്‍ വില്‍പ്പന ഒറ്റയ്ക്കാക്കിയെന്നും ഹനാന്‍ പറഞ്ഞു. 

ജീവിതത്തോട് പൊരുതി വിജയം നേടുന്ന ഹനാന്‍ പഠനത്തില്‍ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കവിയുമാണ് ഇവള്‍. നടന്‍ കലാഭവന്‍ മണി ഹനാനെ തന്‍റെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. എറണാകുളത്ത് താമസിക്കുന്നതും പഠനച്ചെലവും യാത്രാ ചെലവും തൃശൂരിലുള്ള അമ്മയുടെ ചെലവുകളും കഴിഞ്ഞാല്‍ പിന്നെ മിച്ചമൊന്നും ഉണ്ടാകില്ല ഇവളുടെ കയ്യില്‍. എങ്കിലും ഈ ജീവിതത്തില്‍ കഠിനാധ്വാനംകൊണ്ട് നേടാനാകാത്തത് ഒന്നുമില്ലെന്നേ ഹനാന്‍ പറയൂ. മാതൃഭൂമി ആണ് ഹനാന്‍റെ കഠിനാധ്വാനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയത്.


Hanan K H
Account Number : 20310100057578
Federal Bank, Lulu Mall Kochi Branch
IFSC Code : FDRL0002031