എലിസ ചിതാഭസ്മവുമായി അടുത്ത ആഴ്ച ജന്മനാട്ടിലേക്ക് മടങ്ങും.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ സംസ്കാര ചടങ്ങുകൾ നാളെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കുമെന്ന് സഹോദരി എലിസയുടെ സുഹൃത്തുക്കൾ അറിയിച്ചു. എലിസ ചിതാഭസ്മവുമായി അടുത്ത ആഴ്ച ജന്മനാട്ടിലേക്ക് മടങ്ങും.
കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആദ്യം മുതല്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. എന്നാല്‍ ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്നലെ രാത്രി രണ്ട് പേര്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. തെളിവുകള്‍ ശേഖരിച്ച് ഇവരെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യാനും നാളെ കോടതിയില്‍ ഹാജരാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പ്രധാന പ്രതിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് പൊലീസിനെ ഏറെ സഹായിക്കുന്ന നിര്‍ണ്ണായക മൊഴി നല്‍കിയത്. എന്നാല്‍ ഇവര്‍ നല്‍കിയ വിവരണം പൊലീസിന് പൂര്‍ണ്ണമായി വിശ്വാസ്യ യോഗ്യമായി തോന്നുന്നില്ല. കോവളത്ത് നിന്ന് ലിഗ ഇവിടെ സ്വന്തമായി എത്തിയെന്നാണ് ഇവരുടെ പ്രധാന മൊഴി. ഇത് സത്യമാണെന്ന് പൊലീസ് കരുതുന്നില്ല. ഇതിന് ശേഷം രണ്ട് ദിവസം ലിഗ ഇവര്‍ക്കൊപ്പം ഈ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നു. മയക്കുമരുന്നുകളും മറ്റും ഇവിടെ വെച്ച് ഉപയോഗിച്ച ശേഷം പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ലിഗയുടെ കൈയ്യില്‍ 100 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതോടെ അവരെ പിടിച്ചുതള്ളിയ ശേഷം ഇവിടെ നിന്ന് പോയെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് മൊഴി നല്‍കിയത്.
മൃതദേഹം പിന്നീട് കണ്ടുവെന്ന് രണ്ട് പേര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ലിഗയെ ഇവിടെ ഉപേക്ഷിച്ച് പോയി എന്ന മൊഴിയും പൊലീസിന് വിശ്വാസ്യമായി തോന്നുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ലിഗയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടാവാമെന്നും ലിഗ ചെറുത്തുനിന്നപ്പോള്‍ കൊലപാതകത്തിലെത്തിയിരിക്കാമെന്നും പൊലീസ് കരുതുന്നു. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകളാണ് പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് മൂന്ന് സിഗിരറ്റ് പായ്ക്കറ്റുകളും ലഭിച്ചിരുന്നു. ലിഗയ്ക്കൊപ്പം വാഴമുട്ടത്ത് ഉണ്ടായിരുന്നുവെന്ന കുറ്റസമ്മതം ഏറെ നിര്‍ണ്ണായകമാണ്.
ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുള്‍പ്പെടെ ഉള്ളവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദ സമിതി, പൊലീസിന് കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഇന്നു ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളും.
ഇന്നലെയും വാഴമുട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒരുതെളിവും പൊലീസ് കിട്ടിയില്ല. എന്നാല്‍ അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി. ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതെ നടത്തിയതായ വിവരങ്ങള്‍ പുറത്തുവരുന്നത്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇവര്‍ക്കെതിരെ ശക്തമാണ്. ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുടെയും വിരലടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.
