സഹോദരി എലിസയുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഐജി ഐജി മനോജ് എബ്രഹാമിന് അന്വേഷണ ചുമതല

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. അതിനിടെ അന്വേഷണച്ചുമതല ഐജി മനോജ് എബ്രഹാമിന് കൈമാറി. ലിഗയുടെ മരണം ആത്മഹത്യയെന്നാണ് പൊലിസിന്‍റെ ഇപ്പോഴത്തെ സംശയം. 

വിഷക്കായകള്‍ ഉള്ള വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നായിരുന്നു മൃതദേഹം കിട്ടിയത്. പക്ഷെ കൊലപാതക സാധ്യതയുണ്ടോ എന്നുള്ളതും പൊലീസ് പരിശോധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലത്തിനായാണ് കാത്തിരിപ്പ്. അതേസമയം ലിഗ ആത്മഹത്യ ചെയ്യില്ലെന്ന് എലിസ ഉറച്ച് പറയുന്നു. എലിസ ഇന്ന് വാര്‍ത്താസമ്മേളനംവിളിച്ചിട്ടുണ്ട്. ലിഗയെ കാണാതായപ്പോള്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ആക്ഷേപം. 

കോവളത്ത് അരിച്ചുപെറുക്കിയെന്നായിരുന്നു പൊലീസ് അറിയിച്ചത്. പക്ഷെ ബീച്ചില്‍ നിന്നും അധികം അകലെയല്ലാത്ത സ്ഥലത്തു നിന്നും മൃതദേഹം കിട്ടി. എലിസയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ചുമതല ഐജിയെ ഏല്പിച്ചത്. ഫോര്‍ട്ട് പൊലീസ് എലിസയുടെ മൊഴി രേഖപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപ ഇന്ന് എലിസക്ക് കൈമാറും. 

അയ‍ര്‍ലണ്ടില്‍ നിന്നും ലിഗയുടെ സഹോദരന്‍ എത്താന്‍ സാധ്യതയുണ്ട്. അച്ഛനെയും അമ്മയെയും വിവരം അറിയിച്ചിട്ടുണ്ട്. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് എലിസ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ മൃതദേഹം കണ്ടെത്തിയവര്‍ക്ക് നല്‍കാനാണ് തീരുമാനം.