ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് സൂചന ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക അഭിപ്രായം പൊലീസിന് ലഭിച്ചു നിരവധി പേരെ ചോദ്യം ചെയ്യുന്നതായി പൊലീസ്

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക അഭിപ്രായം പൊലീസിന് ലഭിച്ചു. ലിഗയുടെ ദുരൂഹ മരണത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യുന്നതായി പൊലീസ്.

അന്വേഷണം നല്ല രീതിയിൽ നടക്കുന്നത്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും ശാസ്ത്രീയ പരിശോധന ഫലം വന്നാലെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂവെന്നും കമ്മീഷണര്‍ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കും. ചോദ്യം ചെയ്യുന്നവരില്‍ കോവളത്തെ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡിനെയും ഒരു പുരുഷ ലൈഗിക തൊഴിലാളിയെയുമാണ് കൂടുതല്‍ സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരെല്ലാം പരസ്‌പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മൊഴികളിലെ ദുരൂഹത മാറ്റാന്‍ മനഃശാസ്‌ത്ര വിദഗ്ദരുടെ സഹായവും തേടിയിട്ടുണ്ട്. 

കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി നേരത്തെയും വിദേശ വനിതകളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെ പ്രതിയാണ്. വിശദമായി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ പരസ്‌പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. ലിഗ ലൈംഗിക പീഡനത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ ഇതും സ്ഥിരീകരിക്കാനാവൂ. ഇന്ന് വൈകുന്നേരമോ നാളെയോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. സമീപത്തുള്ള ഫൈബര്‍ വള്ളവും പരിശോധിച്ചു. പ്രദേശത്തെ കാടുവെട്ടിത്തെള്ളിച്ചായിരുന്നു അന്വേഷണം. 

മൃതദേഹം കണ്ടെത്തിയ തിരുവല്ലത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിദേശിയായ ലിഗ ഒറ്റയ്‌ക്ക് എത്തില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരെങ്കിലും മയക്കുമരുന്നോ മറ്റോ നല്‍കി ഇവിടെ കൊണ്ടുവന്നതാകാമെന്നതാണ് പ്രധാന സംശയം. എല്ലാ വശങ്ങളും പരിശോധിച്ച് വിപുലമായ അന്വേഷണമാണ് നടത്തുന്നത്. പൊലീസിനും സര്‍ക്കാറിനും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ സംഭവമെന്ന നിലയില്‍ പഴുതടച്ച അന്വേഷണം തന്നെ ഉറപ്പുവരുത്താനാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെടുന്നത്. അന്വേഷണ സംഘത്തിന്റെ യോഗവും അടുത്ത ദിവസങ്ങളില്‍ ഡി.ജി.പി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് എന്തൊക്കെ വിവരം ലഭിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവും ഇനിയുള്ള പൊലീസിന്റെ നടപടികള്‍.