ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 76,82 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമുള്ള താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് നടന്മാരായ അക്ഷയ് കുമാറും സൽമാൻ ഖാനും ഇടംപിടിച്ചു. ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 76,82 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്. അമേരിക്കൻ ബോക്സിങ് താരമായ ഫ്ലോയ്ഡ് മേയ്വെതറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 1952 കോടിയാണ് വരുമാനം.

പട്ടികയില്‍ 76-ാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന്‍റെ വരുമാനം 276 കോടിയാണ്. 257 കോടി വരുമാനവുമായി സൽമാൻ ഖാൻ പട്ടികയില്‍ 82-ാം സ്ഥാനത്തുണ്ട്. "സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തിലേക്ക് മാറിയിരിക്കുകയാണ് അക്ഷയ് കുമാർ. ‌ടോയ്ലറ്റ്: ഏക് പ്രേം കഥ, പാഡ്മാൻ തുടങ്ങിയ ചിത്രങ്ങൾ അതിന് ഉദാഹരണമാണ്. അക്ഷയ് കുമാറിനെക്കുറിച്ച് ഫോബ്‌സ് മാസിക പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വരുമാനക്കാരിൽ ഒരാളായ സൽമാൻ ഖാൻ അഭിനയത്തോടൊപ്പം നിർമ്മാണ രം​ഗത്തേക്കും ചുവടുവച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഫോബ്സ് പറയുന്നു. സൽമാൻഖാൻ പ്രധാന വേഷത്തിലെത്തിയ ടൈഗർ സിന്ദ ഹൈ അദേഹം തന്നെയാണ് നിർമ്മിച്ചത്.

അമേരിക്കൻ സിനിമാതാരം ജോർജ് ക്ലൂനി (രണ്ടാം സ്ഥാനം), റിയാലിറ്റി ടിവി സ്റ്റാർ കെയ്ലി ജെനർ (മൂന്നാം സ്ഥാനം), പോപ് താരം കാറ്റി പെറി (19), ടെന്നിസ് താരം റോജർ ഫെഡറർ (23), ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(10), ഗായകൻ ബിയോൺസ് (35), എഴുത്തുകാരൻ ജെ.കെ. റൗളിംഗ് (42), ഗോൾഫ് താരം ടൈഗർ വുഡ്സ് (66) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് സമ്പന്നർ.