കോഴിക്കോട് പന്നിയങ്കര ഗവ.സ്‌കൂളിലെ അധ്യാപകന്‍ പ്രതിയായ കേസിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം. കോഴിക്കോട് പന്നിയങ്കര ഗവ.സ്‌കൂളിലെ അധ്യാപകന്‍ പ്രതിയായ കേസിനെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

പന്നിയങ്കര സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ കുട്ടിയെ കളിക്കുന്നതിനിടെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ട മാതാപിതാക്കള്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ആണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. സ്‌കൂളില്‍ കളിക്കുന്നതിനിടെ അധ്യാപകന്‍ ഉപദ്രവിച്ചെന്നാണ് കുട്ടി രക്ഷകര്‍ത്താക്കളോട് പറഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. എന്നാല്‍ മജിസ്‌ട്രേറ്റിന് കുട്ടി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും ഇത് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പോലീസ് വ്യക്തമാക്കി.