വ്യാജരേഖ ചമച്ച് ഒൻപതര ലക്ഷം ലോണെടുത്തു സിപിഎം നേതാവിന്‍റെ കുടുബത്ത സംരക്ഷിച്ച് പൊലീസ് പരാതിക്കാരിക്ക് സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി
കൊല്ലം: വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നടത്തിയ കേസില് കൊല്ലത്തെ സിപിഎം നേതാവിന്റെ കുടുംബത്തെ പൊലീസ് സംരക്ഷിക്കുന്നു. കൊല്ലം കുരീപ്പുഴ സ്വദേശിയായ വിധവ നല്കിയ പരാതിയില് ഇതുവരെ തുടര് നടപടികള് സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കേസ് പിന്വലിക്കാനായി സിപിഎം പ്രാദേശിക നേതാക്കള് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ആമിന ആരോപിക്കുന്നു.
അമിനയുടെ വ്യാജ ഒപ്പിട്ടും തിരിച്ചറിയില് കാര്ഡ് കാണിച്ചും ഒൻപതര ലക്ഷമാണ് കാവനാട് സെൻട്രല് ബാങ്കില് നിന്നും ഇവരറിയാതെ വായ്പ എടുത്തത്. സിപിഎം ശക്തിക്കുളങ്ങര സൗത്ത് ലോക്കല് സെക്രട്ടി ശശിധരന്റെ ഭാര്യ ജയശ്രീ, മകള് ഇന്ദുജ ഇവരുടെ അമ്മ തങ്കമ്മ എന്നിവരെക്കൂടാതെ സെൻട്രല് ബാങ്ക് മാനേജരടക്കം ആറ് പ്രതികളാണ് കേസില്.
ശക്തിക്കുളങ്ങരയിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായിരുന്നു ആമിനയും ആദ്യ മൂന്ന് പ്രതികളും.ലോണ് മാസ അടവ് മുടങ്ങിയെന്ന് ബാങ്കില് നിന്നും വിളിയെത്തിയപ്പോഴാണ് ആമിന സംഭവം അറിയുന്നത്. ആമിനയുടെ പരാതിയില് ശക്തിക്കുളങ്ങര പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികളെ പാര്ട്ടി സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടുതല് അന്വേഷണത്തില് പ്രതികളായ ജയശ്രീയും മകളും ചേര്ന്ന് ഇതേ കുടുംബശ്രീയിലെ മറ്റു ചിലരുടേയും വ്യാജ ഒപ്പുകളിട്ട് ബാങ്കില് നിന്നും ലോണെടുത്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്
