ദില്ലി: നോട്ട് അസാധുവാക്കലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നോട്ട് അസാധുവാക്കലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തിയിട്ടും പ്രതിപക്ഷം ശാന്തരായില്ല. രാജ്യസഭയും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവെച്ചെങ്കിലും പിന്നീസ് സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിഞ്ഞു.

അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രി സഭയിലുള്ള സാഹചര്യത്തില്‍ ചര്‍ച്ചയാവാമെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. നേരത്തെ മന്ത്രി എംജെ അക്ബര്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ലോക്‌സഭിയില്‍ വിശദീകരിച്ചിരുന്നു.

നേരത്തെ നോട്ട് അശാധുവാക്കലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണവും ജെപിസി അന്വേഷണവും ആവശ്യപ്പെട്ട് ഇരുന്നൂറോളം പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.