മുഖ്യമന്ത്രിക്കെതിരെ 34 കേസുകളുണ്ടെന്ന ലോകായുക്തയുടെ വിവരാവകാശ രേഖ അടിസ്ഥാനമാക്കി വി എസ് നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിവെച്ച് ഉപലോകായുക്ത പരാമര്‍ശം നടത്തിയതിന് പിറകെ കേസുകളില്ലെന്ന പുതിയ വിവരാവകാശരേഖ പുറത്ത് വിട്ടു. ഇതോടെ ഉപലോകായുക്തക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടത് നേതാക്കള്‍ നടത്തിയത്. വാദപ്രതിവാദം നടക്കുമ്പോള്‍ വിദേശത്തായിരുന്ന ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് ഇന്ന് മടങ്ങിയെത്തിയുടനെയാണ് പരമാര്‍ശം. താന്‍ പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്ന് നിലപാടാണ് ലോകായുക്ത സ്വീകരിച്ചത്. നേരത്തെ പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന ഉപലോകായുക്ത ഒറ്റയ്ക്ക് ഉത്തരവ് പുറപ്പെടുവിച്ചതിലും ലോകായുക്തക്ക് അതൃപ്തിയുണ്ടായിരുന്നു. പാറ്റൂര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിന് താന്‍ പട്ടികജാതിക്കാരനാണോ എന്ന് ഉപലോകായുക്തയുടെ പ്രതികരണവും വിവാദമായിരുന്നു.