കെഎസ്ആര്‍ടിസിയില്‍  നിന്നും പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച് ഇന്ന് കൊല്ലത്ത് നിന്നും യാത്ര തുടരും.

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച് ഇന്ന് കൊല്ലത്ത് നിന്നും യാത്ര തുടരും. വിവിധ ജില്ലകളില്‍ നിന്നും പിരിച്ച് വിട്ട കൂടുതല്‍ പേര്‍ മാര്‍ച്ചിന്‍റെ ഭാഗമാകും. വൈകീട്ട് ചാത്തന്നൂരില്‍ ഇന്നത്തെ പര്യടനം സമാപിക്കും. തിങ്കളാഴ്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. 

അതേസമയം, കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി ഇപ്പോഴും തുടരുന്നു. ഇന്നും ആയിരത്തോളം ബസ് സര്‍വ്വീസ് തടസ്സപ്പെട്ടേക്കും. ഇന്നലെ 998 സർവ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. പിഎസ്‍സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിപ്പോകളില്‍ നടക്കും.

പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഒരു മാസത്തേക്ക് താത്കാലിക ലൈസന്‍സ് അനുവദിക്കും. ജോലിയില്‍ പ്രവേശിക്കുന്നവര്‍ അവധിയെടുത്ത് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രതിസന്ധി കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും എംഡി ടോമിന്‍ തച്ചങ്കരി അഭ്യര്‍ത്ഥിച്ചു.