കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിട്ടു. കണ്ടക്ടര്‍മാരുടെ ലോങ്ങ് മാര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിക്കും. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിട്ടു. ജോലി നഷ്ടപ്പെട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ് മാര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിക്കും. പി എസ് സി ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ദിവസവും കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴ് കോടി കടന്നു. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപുടെ വര്‍ധനയാണിത്. അവധിക്കാല തിരക്കും സര്‍വ്വീസുകളുടെ പുനക്രമീകരണവും ഗുണം ചെയ്തെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

അതേസമയം, ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് താത്കാലിക ഡ്രൈവര്‍മാര്‍. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി താത്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. താത്കാലിക ജീവനക്കാരുടെ നിയമന സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.