ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണം പാര്‍ട്ടിക്കാരനെന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കുണ്ട്

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയെക്കുറിച്ചുള്ള എം.എ ബേബിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം നേതാവ് എം.എം ലോറന്‍സ്. ത്രിപുരയിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയുടെ ജനസ്വാധീനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായത് മൂലമെന്നും കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്നുമാണ് എം.എ ബേബി പറഞ്ഞത്. 

കമ്മ്യൂണിസ്റ്റുകാർ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോള്‍ എന്താണ് മാറ്റേണ്ടതെന്ന് കൂടി ബേബി പറയണം. പരാമർശം പാർട്ടിവിരുദ്ധമാണെന്നും ബേബിയുടെ പ്രസ്താവന പാർട്ടി പരിശോധിക്കണമെന്നും ലോറൻസ് പറഞ്ഞു. ബേബിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അത് ബിജെപിക്ക് സഹായം ചെയ്യുന്നതാണെന്നും ലോറന്‍സ് ആരോപിച്ചു. 

ബേബി പാര്‍ട്ടിയുടെ പിബി അംഗമാണ്.അത് വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ്. ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണം. ബേബി പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഇക്കാര്യങ്ങള്‍ പറ‍ഞ്ഞിട്ടില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരനെന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലോറന്‍സ് പറഞ്ഞു.