കൊലപാതകവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി. കോൺഗ്രസിന്‍റെ ആരോപണം തെറ്റെന്നും എം വി ബാലകൃഷ്ണൻ മാസ്റ്റർ. സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ബാലകൃഷ്ണൻ മാസ്റ്റർ.

കാസ‌ർ​ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന കോണ്‍ഗ്രസ് ആരോപണം നിഷേധിച്ച് സിപിഎം. കൊലപാതകത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്നും കോണ്‍ഗ്രസിന്‍റെ ആരോപണം തെറ്റെന്നും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. 

കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ കൊലപാതക കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദ‌‌ർശിക്കും.

രാഷ്ട്രീയ കൊലപാതകമാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പാർട്ടി ഗുണ്ടകൾ നടത്തിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.