റിയാദ്: സൗദിയിലെ പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികളും സാമ്പത്തിക പരിഷ്‌കാരങ്ങളും വിദേശ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. സ്വദേശി ജീവനക്കാരില്‍ കൂടുതലും കഴിവും പരിശീലനവും ലഭിച്ചവരാണെന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 134-ാമത് ശാഖ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു യൂസഫലി.

കൂടുതല്‍ മേഖലകളില്‍ സ്വദേശീവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതും ഷോപ്പിംഗ് മാളുകള്‍ സ്വദേശീവല്‍ക്കരിക്കുന്നതും സൗദിയിലെ വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കില്ല എന്നാണു പ്രതീക്ഷ. വിഷന്‍ 2030ന്റെ ഭാഗമായി സൗദിയില്‍ നടപ്പിലാക്കുന്ന സ്വദേശീവല്‍ക്കരണ പദ്ധതികളും സാമ്പത്തിക പരിഷ്‌കാരങ്ങളും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി പറഞ്ഞു. 

സ്വദേശീ ജീവനക്കാര്‍ ജോലി ചെയ്യാന്‍ കഴിവും പരിശീലനവും ലഭിച്ചവരാണെന്ന് യൂസുഫലി പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 134-ാമത്തെയും സൗദിയിലെ ഒമ്പതാമത്തെയും ശാഖയാണ് അല്‍ ഹസ ഹുഫൂഫിലെ സല്‍മാനിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അല്‍ ഹസ ഗവര്‍ണര്‍ പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള അല്‍ സൌദ് ഉദ്ഘാടനം ചെയ്തു. ഇവിടെ ആകെയുള്ള നാനൂറു ജീവനക്കാരില്‍ 250ഉം സ്വദേശികളാണ്. 2020 ആകുമ്പോഴേക്കും സൗദിയില്‍ ഇരുപത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് യൂസുഫലി പറഞ്ഞു.