തന്നെ പോലെ നിരന്തരം ഭരണകൂട ഭീകരതയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കുന്ന വിധിയാണ് വന്നിരിക്കുന്നതെന്നാണ് മഅദ്നി കുറിച്ചത്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി വിധി വന്നതിന് പിന്നാലെ തനിക്ക് നീതി നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ നിരത്തി അബ്ദുള്‍ നാസിര്‍ മഅദ്നി. ഉയര്‍ച്ചയിലേക്ക് കുതിച്ച അഭിമാനമാകേണ്ട ഒരാളുടെ ജീവിതം തകര്‍ക്കപ്പെട്ട സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.

ഇതിനിടെയാണ് പ്രതികരണവുമായി മഅദ്നിയുടെ ഫേസ്ബുക്കില്‍ എത്തിയത്. തന്നെ പോലെ നിരന്തരം ഭരണകൂട ഭീകരതയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കുന്ന വിധിയാണ് വന്നിരിക്കുന്നതെന്ന് മഅദ്നി കുറിച്ചു.

കൂടാതെ, മറ്റൊരു പോസ്റ്റിലാണ് തനിക്ക് എന്ത് കൊണ്ട് നീതി ലഭിക്കുന്നില്ലെന്ന് വിശദീകരിക്കുന്നുത്. തന്നെ തീവ്രവാദവും രാജ്യദ്രോഹവുമൊക്കെ ആരോപിച്ച് ഒമ്പതര വര്‍ഷം ജയിലിലടച്ച ശേഷം നിരപരാധി എന്ന് കണ്ട് വിട്ടയച്ചു. വീണ്ടും മറ്റൊരു കേസിന്‍റെ പേരില്‍ കുടുക്കിയിട്ട് തെളിവിന്‍റെ അംശം പോലും പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

നമ്പി നാരായണന്‍റെ പേരും രൂപവും തന്‍റെ പേരും രൂപവും നിറവും വ്യത്യസ്തമാണ് സഹോദരന്മാരെ എന്നാണ് മഅദ്നി കുറിച്ചത്. ചാരക്കേസില്‍ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് സുപ്രീം കോടതി നമ്പി നാരായണന് നല്‍കാന്‍ വിധിച്ചത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് മഅദ്നിയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്.

പിന്നീട് തെളിവുകള്‍ ഇല്ലതാത്തതിനാല്‍ ഒമ്പത് വര്‍ഷതതെ ജയില്‍ വാസത്തിന് ശേഷം വെറുതെവിട്ടു. ഇപ്പോള്‍ ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ നേരിടുകയാണ് മഅദ്നി. 2010 ഓഗസ്റ്റിലാണ് രണ്ടാമത്തെ അറസ്റ്റുണ്ടയത്.