ചെന്നൈ: തെറ്റായ വിവരങ്ങള്‍ നല്‍കി നീതിപീഠത്തെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാനാണ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും യഥാര്‍ഥവിവരം നല്‍കണമെന്ന കോടതിയുടെ നിരന്തരമായ മുന്നറിയിപ്പ് നിത്യാനന്ദ വകവെച്ചില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കോടതിനടപടികള്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സന്ദേശമയയ്ക്കാന്‍ ശ്രമിച്ച നിത്യാനന്ദയുടെ ശിഷ്യനെയും കോടതി ശാസിച്ചു.

നിത്യാനന്ദയില്‍നിന്ന് മധുരമഠം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം. ജഗദല്‍പ്രതാപന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിത്യാനന്ദ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പലതവണ കോടതി ആവശ്യപ്പെട്ടപ്പോഴും നിത്യാനന്ദ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് കോടതി സ്വമേധയാ ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു.