ചെന്നൈ:തമിഴ്നാട്ടില്‍ മതപുരോഹിതര്‍ തലാഖ് അനുവദിയ്‌ക്കുന്നത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തലാഖ് അനുവദിയ്‌ക്കാന്‍ മതപുരോഹിതര്‍ക്ക് ജുഡീഷ്യല്‍ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യപ്രവര്‍ത്തകയായ ബദര്‍ സയ്യിദ് നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

മതപുരോഹിതര്‍ക്ക് തലാഖ് നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നത് വരെ മതപുരോഹിതര്‍ തലാഖ് കേസുകളില്‍ ഇടപെടുന്നതും വിവാഹമോചനം അനുവദിയ്‌ക്കുന്നതും ഹൈക്കോടതി സ്റ്റേ ചെയ്തു. വിവാഹമോചനമുള്‍പ്പടെയുള്ള നിയമപരമായ കാര്യങ്ങളില്‍ മതസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

തമിഴ്നാട്ടില്‍ അതാത് ജില്ലകളിലെ ഖാസിമാരാണ് വിവാഹമോചനക്കേസുകളില്‍ തീരുമാനമെടുത്ത് തലാഖ് അനുവദിയ്‌ക്കുന്നത്.പലപ്പോഴും ഇത്തരം കേസുകളില്‍ സ്‌ത്രീകള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരമുണ്ടാകാറില്ലെന്നും നഷ്‌ടപരിഹാരമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നീതിയുക്തമായ തീരുമാനം ലഭിയ്‌ക്കുന്നില്ലെന്നും ബദര്‍ സയ്യിദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്ത മുസ്ലിം വ്യക്തിനിയമബോര്‍ഡ്, തലാഖ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മതനിയമങ്ങള്‍ കാലോചിതമായി പരിഷ്കരിയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കുകയാണെന്നും മതപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും വാദിച്ചു.

എന്നാല്‍ ഹ‍ര്‍ജിക്കാരിയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി മതപുരോഹിതരുടെ തലാഖ് സര്‍ട്ടിഫിക്കറ്റുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു. നേരത്തേ തമിഴ്നാട്ടില്‍ ശരീ അത്ത് കോടതികള്‍ നിരോധിയ്‌ക്കാനുള്ള വിധി പുറപ്പെടുവിച്ചതും ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു. കേസ് ഇനി അടുത്ത മാസം 21 ന് പരിഗണിയ്‌ക്കും.