യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ഇവിടെ സ്വകാര്യ പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എൻ വെങ്കിടേശ് കൊടുത്ത ഹർജിയിലാണ് മധുര ബെഞ്ചിന്റെ നടപടി
ചെന്നൈ: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ തഞ്ചാവൂർ ക്ഷേത്രത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബൃഹദീശ്വര ക്ഷേത്രത്തിൽ നടത്താനിരുന്ന രണ്ട് ദിവസത്തെ ധ്യാന പരിപാടിയാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തടഞ്ഞത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ഇവിടെ സ്വകാര്യ പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എൻ വെങ്കിടേശ് കൊടുത്ത ഹർജിയിലാണ് മധുര ബെഞ്ചിന്റെ നടപടി.
പരിപാടിയ്ക്കായി ഒരുക്കിയ പന്തൽ പൊളിച്ചുമാറ്റണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച പരിപാടി തഞ്ചാവൂരിലെ തന്നെ കാവേരി ക്ഷേത്രത്തിൽ നടത്താനുള്ള തീരുമാനത്തിലാണ് ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകർ. രണ്ടായിരത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആയിരം വർഷം പഴക്കമുള്ള തഞ്ചാവൂർ ക്ഷേത്രമാണ് ബൃഹദീശ്വരൻ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മഹത്വം മനസ്സിലാക്കാതെയാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. യമുനാ നദീതടത്തിൽ ഇതുപോലൊരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ ശ്രീ ശ്രീ രവിശങ്കർ പിഴയടയ്ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ സമാന പരിപാടിയ്ക്കായി അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കും.
