കണ്ണൂര്‍: ചക്കരക്കല്ലില്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ സ്വദേശി ഷറഫുദ്ദീനാണ് പൊലീസിന്‍റെ പിടിയിലായത്. അധ്യാപകനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മദ്രസയിലെത്തിയ ഒന്‍പത് വയസ്സുകാരനെ ഷറഫുദ്ദീന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ഷറഫുദ്ദീന്‍റെ നിര്‍ദ്ദേശപ്രകാരം കുടിക്കാന്‍ വെള്ളവുമായി എത്തിയ കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. അവശ നിലയില്‍ തിരിച്ചെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിന് ശേഷം പാലക്കാടേക്ക് രക്ഷപെട്ട ഷറഫുദ്ദീനെ ഒറ്റപ്പാലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഷറഫുദ്ദീന്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്രസയിലെ മറ്റ് കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി
