മലപ്പുറം തിരൂരില്‍ നിരവധി വിദ്യാര്‍ത്ഥികളെ പീ‍ഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പിടിയില്‍. തരൂര്‍ പുല്ലൂര്‍ സ്വദേശി അബ്‍ദുറഹിമാനാണ് പിടിയിലായത്.

മദ്രസയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് അബ്‍ദു റഹിമാന്‍ കൂടുതലും പീഡനത്തിനിരയാക്കിയത്. ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഢനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ നിരന്തരമായി അബ്‍ദുറഹിമാന്‍ ലൈംഗികമായി ദുരുപയോഗിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ച് പനിച്ച പെണ്‍കുട്ടി നിരന്തരമായ വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണ് അധ്യാപകന്റെ ക്രൂരതകളെക്കുറിച്ച് പറഞ്ഞത്.

ചൈല്‍ഡ് ലൈന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് നിരവധി പേരെ അബ്‍ദുറഹിമാന്‍ ദുരുപയോഗം ചെയ്തതായുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോയ പ്രതിയെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.