മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറിന്റെ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മഹാരാഷ്ട്ര ഭവനകാര്യമന്ത്രി പ്രകാശ് മേത്തയ്‌ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ മന്ത്രിയുടെ സ്വത്തില്‍ 1500 ശതമാനം വര്‍ധനവുണ്ടായതായി കണ്ടെത്തിയതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

മേത്ത സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ സ്വത്ത് വിവരങ്ങളില്‍ 2004ല്‍ 2.01 കോടിയായിരുന്ന സ്വത്ത് 2014ല്‍ 32.01 കോടിയായി വര്‍ധിച്ചതായാണ് പറയുന്നത്. നേരത്തെ 2009ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാലയളവിനു മുമ്പു മുതല്‍ തന്നെ കൈവശം വച്ച് ഉപയോഗിക്കുന്ന സ്ഥാപനങ്ങളും അതിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളുമടക്കമുള്ളവയുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അനധികൃതമായി സ്വത്ത് സമ്പാദിക്കാതെ സമ്പാദ്യം ഇത്രയും വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും മേത്തക്കെതിരെ ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുമെന്നും സാമൂഹിക പ്രവര്‍ത്തകനായ അന്‍കിത് ഷാ പറഞ്ഞു. 2006ല്‍ സ്വന്തമായുള്ള സ്വത്ത് വെളിപ്പെടുത്താത്തത് ചട്ടലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങങ്ങളോട്‌മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവായ പ്രകാശ് മേത്തയ്‌ക്കെതിരായ ആരോപണങ്ങള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌.