Asianet News MalayalamAsianet News Malayalam

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

  • തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
mahathma gandhi nregs wage hike Announced

ദില്ലി: തൊഴിൽ ഉറപ്പ് പദ്ധതിയുടെ ദിവസ വേതനം വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ഇറക്കി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  നാല് കർശന ഉപാധികളോടെയാണ് വേതനം പുതുക്കി  വിജ്ഞാപനം ഇറക്കിയത്.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  ദിവസ വേതനമാണ് കേന്ദ്ര ഗ്രാമവികസനമന്ത്രാലം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഹരിയാനയാണ് പ്രതിദിന വേതനത്തിൽ ഏറ്റവും മുന്നിൽ. 281 രൂപയാണ് ഹരിയാനയിലെ ദിവസ വേതനം. 

തൊട്ടുപിന്നിൽ കേരളമാണ്. 271 ആണ് കേരളത്തിലെ പുതിയ വേതനം. നേരത്തെ ഇത് 258 ആയിരുന്നു.13 രൂപയുടെ വർധന . ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് വേതനം ഏറ്റവും കുറവ്. 168 രൂപയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസ വേതനം.

വേതനം വർധിപ്പിച്ചത് പദ്ധതിക്ക് ഉണർവ്വേകുമെന്നാണ് പ്രതീക്ഷ. അതേ സമയം കർണാടക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം  വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നാല് കർശന നിബന്ധനകളോടെയാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

ദൃശ്യ -പത്ര മാധ്യമങ്ങളിൽ വേതനം വർധിപ്പിച്ചത് സംബന്ധിച്ച് പരസ്യം നൽകരുത്, തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള യോഗങ്ങളിൽ വേതന വർധനവിനെ സംബന്ധിച്ച് പരാമർശിക്കരുത്, പെരുമാറ്റ ചട്ട ലംഘനം ഉണ്ടാകുന്ന ഒന്നും  വേതന വർധനവുമായി ബന്ധപ്പെട്ട് ഉണ്ടാകരുത്  തുടങ്ങിയ നിബന്ധനകളാണ് കമ്മിഷൻ നൽകിയിട്ടുള്ളത്. നേരത്തെ മുതൽ വേതന വർധനവും കൂടുതൽ തൊഴിൽ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന്  സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണ്.

Follow Us:
Download App:
  • android
  • ios