ദില്ലി: സ്വന്തമായി ഒരു കൂരയും ഇല്ലാതെ മഹാത്മാഗാന്ധിയുടെ ചെറുമകനും ഭാര്യയും കഴിയുന്നത് വൃദ്ധസദനത്തില്‍. ഗാന്ധിയുടെ മൂന്നാമത്തെ മകന്‍ രാംദാസിന്‍റെയും നിര്‍മലയുടെയും മകനായ കനുഭായ് രാംദാസ് ഗാന്ധിയും ഭാര്യ ഡോ. ശിവലക്ഷ്മിയുമാണ് വൃദ്ധസദനത്തിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയിലെ ബദര്‍പൂരിനടുത്തുള്ള ഗുരു വിശ്രം വൃദ്ധസദനത്തില്‍ ഇവര്‍ എത്തിയത്. സദനത്തിലെ അന്തേവാസികളിലേറെയും അല്‍ഷിമേഴ്‌സ് ബാധിച്ചവരും തളര്‍വാതം പിടിപെട്ടു കിടപ്പിലായവരുമാണ്.
കനുഭായ് ഗാന്ധിക്കു 87 വയസും ഭാര്യ ശിവലക്ഷ്മിക്ക് 85വയസുമായി. ഇവര്‍ക്കു മക്കളില്ല. 40ല്‍ അധികം വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ഇവര്‍ 2014ലാണ് ഇന്ത്യയിലേക്കു മടങ്ങിയെത്തിയത്. രണ്ടു വര്‍ഷം ഗുജറാത്തിലെ വിവിധ ആശ്രമങ്ങളിലായി കഴിഞ്ഞിരുന്ന ഇവര്‍ ഈ മാസമാണു ഡല്‍ഹിയിലേക്കു വരാന്‍ തീരുമാനമെടുത്തതെന്നും കനുഭായിയും ഭാര്യയും പറയുന്നു.
അമേരിക്കയിലും അടുത്തകാലവരെ ഇന്ത്യയിലുമുള്ള ജീവിതം സമ്പന്നവുമായിരുന്നു. ഇന്ത്യയിലെ വാര്‍ധക്യകാലത്ത് തങ്ങള്‍ക്ക് താങ്ങും തണലുമായി ആരുമില്ലെന്ന തിരിച്ചറിവാണ് തങ്ങളെ വൃദ്ധസദനത്തിലെത്തിച്ചതെന്നും ഇരുവരും പറയുന്നു.
മുത്തച്ഛനായ ഗാന്ധിജിയുടെ ഊന്നുവടിയുടെ തുമ്പില്‍ പിടിച്ച് കടല്‍ത്തീരത്തു കൂടി നടന്നു നീങ്ങുന്ന കനുഭായ് ഗാന്ധിയുടെ ചിത്രം വളരെ പ്രശസ്തമായിരുന്നു. നാഥുറാം വിനായക് ഗോഡ്‌സേയുടെ വെടിയേറ്റു ഗാന്ധിജി മരിക്കുമ്പോള്‍ കനുഭായ് ഗാന്ധിക്ക് പ്രായം പതിനേഴ് വയസായിരുന്നു. ഗാന്ധിജിയുടെ മറ്റു ചെറുമക്കളെ അപേക്ഷിച്ചു കനുഭായ് രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും അകന്നു നില്‍ക്കുകയായിരുന്നു.
