ദില്ലി: കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ സുരക്ഷാഉദ്യോഗസ്ഥന്‍ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡുകളെ മര്‍ദ്ദിച്ചത് വിവാദമാകുന്നു. ഗാര്‍ഡിനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സുരക്ഷാ ഉദ്യോഗസ്ഥനെ മന്ത്രി സസ്‌പെന്റ് ചെയ്തു.

രക്ഷാബന്ധന്‍ ദിവസം സഹോദരിയെ കാണാന്‍ ഗാസിയാബാദിലെ സൊസൈറ്റിയിലെത്തിതായിരുന്നു കേന്ദ്രസംസ്‌ക്കാരിക വിനോദസഞ്ചാരമന്ത്രി മഹേഷ് ശര്‍മ്മ. സൊസൈറ്റിയിലേക്ക് മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞതാണ് സുരക്ഷഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്, 

മന്ത്രിയുടെ സുരക്ഷാ ജീവനക്കാരന്‍ ആദ്യം ഗാര്‍ഡുകളോട് ക്ഷുഭിതനായി സംസാരിക്കുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്.. മറ്റ് ഗാര്‍ഡുകള്‍ ചേര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥനെ പിന്നീട് പിടിച്ച് മാറ്റുകയായിരുന്നു.സംഭവം വിവാദമായതോടെ സുരക്ഷാ ഉദ്യോഗസ്ഥനെ സംസ്‌പെന്റ് ചെയ്തതായി മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു.ഗാര്‍ഡിനെ മര്‍ദ്ദിക്കുന്നതിന്റ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യങ്ങളിലൂടെ വൈറലായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. 

എന്നാല്‍ വാതില്‍ തുറക്കാന്‍ രണ്ട് മിനിട്ട് വൈകിയതാണ് സംഭവത്തിന് കാരണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹൗസിംഗ് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.