കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ല. ഡി ജി പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദവും മഹിജ തള്ളി. തിരുവന്തപുരത്തെ സമരത്തിന് ശേഷം മഹിജയും കുടുംബവും നാട്ടില്‍ തിരിച്ചെത്തി.
ഡിജിപി ഓഫീസിന് മുന്നിലെ സമരത്തില്‍ ഗൂഡാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ മഹിജക്കും ബന്ധുക്കള്‍ക്കും അതൃപ്തിയുണ്ട്. സഹോദരന്‍ ശ്രീജിത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാട് മഹിജ തള്ളി. ശ്രീജിത്തിനൊപ്പമേ മുഖ്യമന്ത്രിയെ കാണൂ എന്ന ഉറച്ച നിലപാടിലാണ് മഹിജ.ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്ന സൂചനയാണ് മഹിജ നല്‍കുന്നത്.
വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് മഹിജയും തിരുവനന്തപുരത്ത് സമരത്തിന് പോയ കുടുംബാംഗങ്ങളും കോഴിക്കോട്ട് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ജിഷ്ണുവിന്റെ മുത്തച്ഛന്‍ നാണുവും ബന്ധുക്കളും ഇവര്‍ക്ക് സ്വീകരണം നല്‍കി. ജിഷ്ണു കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഡി ജി പി ഓഫീസിന് മുന്നില്‍ സമരം നടത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
