ദില്ലിയില്‍ ദേശീയ ചരിത്ര മ്യൂസിയത്തില്‍ വന്‍ തീപ്പിടുത്തം. മ്യൂസിയം കത്തി നശിച്ചു.തീയണയ്‌ക്കുന്നതിനിടെ ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. രാജ്യത്തെ മുഴുവന്‍ ദേശീയ മ്യൂസിയങ്ങളുടെയും സുരക്ഷ സംബന്ധിച്ച് കേന്ദ്ര മന്ത്രിപ്രകാശ് ജാവദേക്കര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇന്നു പുലര്‍ച്ചെ ഒന്ന് അന്പതോടെയാണ് ദില്ലി ബാരക്കംബ റോഡിലെ ഫിക്കി ഓഡിറ്റോറിയത്തിന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രകൃതി ചരിത്ര മ്യൂസിയത്തിന് തീപിടിച്ചത്. മ്യൂസിയം പൂര്‍ണമായും കത്തി നശിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ദിനോസറുകളടക്കമുള്ള ജീവികളുടെ ഫോസിലുകള്‍ കത്തി നശിച്ചവയയിലുള്‍പ്പെടുന്നു. മുകളിലത്തെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. 35അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആറു അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.ദേശീയ മ്യൂസിയങ്ങളുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മ്യൂസിയം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.


ഫിക്കിയുടെ കെട്ടിടത്തിലുള്ള മ്യൂസിയത്തിനായി സ്വന്തം സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി തുടങ്ങിയതായും മ്യൂസിയം പുതുക്കിപ്പണിയണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആവശ്യപ്പെട്ടു.