കൊല്ലം: എസ്എൻ ട്രസ്റ്റിന്‍റെ ആസ്ഥാനമായ കൊല്ലത്ത് വെള്ളാപ്പള്ളി നടേശൻ പാനലിന് സംഘടനാ തെരഞ്ഞെടുപ്പില്‍ അടി തെറ്റിയതോടെ ഔദ്യോഗിക പക്ഷത്തെ വിഭാഗീയത മറ നീക്കി പുറത്ത് വന്നു. ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവരെയും അഴിമതിക്കാരെയും സ്ഥാനാര്‍ത്ഥികളാക്കിയതാണ് വെള്ളാപ്പള്ളിയുടെ ഔദ്യോഗിക പക്ഷത്തിന് പത്ത് സീറ്റുകള്‍ നഷ്ടപ്പെടാൻ കാരണമെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കൊല്ലത്ത് വെള്ളാപ്പള്ളി പാനലിനെതിരെ മറ്റൊരു വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കുന്നത്

97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയാണ് എസ്എൻ ട്രസ്റ്റിന്‍റെ ആസ്ഥാനമായ കൊല്ലത്ത് നിന്നും തെരഞ്ഞെടുക്കേണ്ടത്. വെള്ളാപ്പള്ളി പാനലിനെതിരെ ഗോകുലം ഗോപലന്‍റെ എസ്എൻ സംരക്ഷണ സമിതി ഇത്തവണ ശക്തമായി രംഗത്തുണ്ടായിരുന്നു. ട്രസ്റ്റില്‍ വെള്ളാപ്പള്ളി നടത്തുന്ന അഴിമതിയായിരുന്നു മുഖ്യ പ്രചാരണ വിഷയം. ഈ പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.

97 സീറ്റില്‍ പത്തെണ്ണം വിമതര്‍ നേടി. വെള്ളാപ്പള്ളി നടേശൻ സെക്രട്ടറി ആയതിന് ശേഷം ആദ്യമായാണ് കൊല്ലത്ത് മറ്റൊരു വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കുന്നത്. വിമത പക്ഷത്തിന് എല്‍ഡിഎഫ് ജില്ലാഘടകത്തിന്‍റെ പരോക്ഷ പിന്തുണയും ഉണ്ടായിരുന്നു..സിപിഎമ്മിന്‍റെ കൗണ്‍സിലര്‍ ജയമോഹൻ, സിപിഐ നേതാവ് വെളിയം രാജൻ എന്നിവര്‍ വിമത പക്ഷത്ത് നിന്നും വിജയിച്ചു.

ഇത്തവണ വെള്ളാപ്പള്ളിയുടെ ഔദ്യോഗിക പക്ഷപാനലില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പ്രതിയായ ചിലരെയും ട്രസ്റ്റില്‍ അഴിമതി നടത്തിയതിന് പിടികൂടിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയത് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന ഔദ്യോഗിക പക്ഷക്കാര്‍ പറയുന്നു.

പത്ത് മേഖലയില്‍ എട്ടെണ്ണെത്തിലും വെള്ളാപ്പള്ളി പാനലിന് എതിരില്ലായിരുന്നു. 27 ആം തീയതി ചേര്‍ത്തലയില്‍ വച്ചാണ് സെക്രട്ടറി തെരഞ്ഞെടുപ്പ്.