മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ജനുവരി 14നാണ് മകരവിളക്ക്. ഇന്ന് വൈകുന്നേരം അ‍ഞ്ച് മണിക്ക് മേല്‍ശാന്തി പി.എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് പതിനെട്ടാം പടിക്കടുത്തെ ആഴിയില്‍ മേല്‍ശാന്തി തീ പകര്‍ന്നതോടെ വീണ്ടുമൊരു മകരവിളക്ക് കാലത്തിന് തുടക്കമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. മണ്ഡലകാലത്തിന് നടയടച്ച ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. തിരക്ക് കണക്കിലെടുത്ത് രാവിലെ പത്ത് മണിമുതല്‍ പല ഘട്ടങ്ങളിലായാണ് തീര്‍ത്ഥാടകരെ കടത്തി വിട്ടത്. നാളെ രാവിലെ മൂന്ന് മണിക്ക് ഗണപതി ഹോമത്തോടെ മകരവിളക്ക് കാലത്തെ പൂജകള്‍ക്ക് തുറക്കമാകും. മകരവിളക്ക് ദര്‍ശിക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഭക്തര്‍ പല സ്ഥലങ്ങളിലും ക്യാമ്പ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1800 പൊലീസുകാരും സി.ആര്‍.പി.എഫ് ഉള്‍പ്പടെയുള്ള മറ്റ് സേനാ വിഭാഗങ്ങളുമാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്.