തിരുവനന്തപുരം: ഇ.അഹമ്മദിന്‍റെ ഭൂരിപക്ഷത്തിനൊപ്പമെത്തിയില്ലെങ്കിലും പികെ കുഞ്ഞാലിക്കുട്ടി നേടിയ തിളക്കമാര്‍ന്ന വിജയം യുഡിഎഫിന് വന്‍നേട്ടമായി. ഭരണത്തിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ എല്‍ഡിഎഫിനാകട്ടെ അധികമായി കിട്ടിയ 1 ലക്ഷത്തിലധികം വോട്ട് പറഞ്ഞ് നില്‍ക്കാനുള്ള പിടിവള്ളിയായി.ബിജെപിയുടെ നിരാശ ഇരുമുന്നണികള്‍ക്കും ആശ്വാസവും നല്‍കുന്നു.

കോടിയേരി ബാലക‍ൃഷ്ണന്‍റെ ഈപ്രസ്താവന ആദ്യം സിപിഎം കേന്ദ്രങ്ങളെയാണ് ഞെട്ടിച്ചത്. ഇത് ചര്‍ച്ചയായതോടെ മല്ലെ കോടിയേരി മയപ്പെടുത്തിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങള്‍ ഇതിനകം എല്‍ഡിഎഫ് ഭരണത്തിന്‍റെ പോരായ്മകള്‍ അക്കമിട്ട് നിരത്തി പ്രചാരണം ഉച്ചസ്ഥായിയിലാക്കി . മഹിജ സമരത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ വരെ നടത്തി യുഡിഎഫ് രംഗം കൊഴുപ്പിച്ചു. ഇനി കണക്കുകളിലൂന്നിയുള്ള അവകാശവാദങ്ങളായിരിക്കും ഉയരുക.

പിണറായി സര്‍ക്കാരിന്‍റെ പിടിപ്പുകേടെന്ന മുദ്രാവാക്യം കോണ്‍ഗ്രസ്കേന്ദ്രങ്ങള്‍ ഉയര്‍ത്തികഴിഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കണക്ക് വച്ച് നോക്കിയാല്‍ 7 മണ്ഡലത്തിലും കുഞ്ഞാലിക്കുട്ടി നേടിയ വ്യക്തമായ മേല്‍ക്കൈ യു‍ഡിഎഫിന് കരുത്ത് പകരുന്നതാണ്.

2014 ല്‍ കിട്ടിയതിനേക്കാള്‍ 1ലക്ഷം വോട്ട് കൂടുതല്‍ കിട്ടിയെന്നതായിരിക്കും എല്‍ഡിഎഫിന്‍റെ പ്രതിരോധം. ഇ അഹമ്മദിന്‍റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായുമില്ല. നിയമസഭാ മണ്ഡലങ്ങളിലെ തിരിച്ചടിക്ക് മറുപടി പറയാന്‍ തല്‍ക്കാലം സിപിഎം കേന്ദ്രങ്ങള്‍ തയ്യാറായേക്കില്ല. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകുമെന്ന് ആദ്യപ്രതികരണം വന്നു കഴിഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെയുള്ള പരാതികള്‍ മുതല്‍ മഹിജാകേസ് വഷളാക്കിയത് വരെയുള്ള തീവ്ര വിഷയങ്ങള്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പുകഞ്ഞ് നില്‍ക്കുകയാണ്. മലപ്പുറത്തെ തോല്‍വി ഈ വിഷയങ്ങളുമായി കൂട്ടിക്കെട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള് ശ്രമങ്ങള്‍ സിപിഐ നടത്തിയേക്കും. പ്രത്യേകിച്ച് സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. അതേ സമയം തന്നെ ബിജെപിയുടെ വോട്ട് വിഹിതം കുറക്കാനായതില്‍ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആശ്വാസത്തിലുമാണ്.