തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന്റെ കരടിന് അംഗീകാരം നല്‍കി. സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസ്സുകാര്‍ അടക്കം എല്ലാത്തരം സ്കൂളുകളിലും സിലബസുകളിലും ഇത് ബാധകമാണ്. ഗവര്‍ണര്‍ ഒപ്പ് വയ്‌ക്കുന്നതോടെ ഓര്‍ഡിനന്‍സിന് അന്തിമ അംഗീകാരമാകും. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ ഉണ്ടാകും.