ഖത്തർ രാജകുടുംബത്തിന്റെ വ്യാജ ഇമെയിൽ ഉപയോഗിച്ച് തട്ടിപ്പ് അഞ്ചേക്കാൽ കോടി തട്ടിയെടുത്ത പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശി സുനിൽ മേനോൻ പണം തട്ടിയത് ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽ നിന്ന് മോഷ്ടിച്ച തുകയിൽ നാലരക്കോടി ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി

തൃശൂര്‍: ഖത്തർ രാജകുടുംബത്തിന്റെ വ്യാജ ഇമെയിൽ ഉപയോഗിച്ച് ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽ നിന്ന് അഞ്ചേക്കാൽ കോടി തട്ടിയെടുത്ത പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സുനിൽ മേനോനാണ് അറസ്റ്റിലായത്. മോഷ്ടിച്ച തുകയിൽ നാലരക്കോടി ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയതായി കണ്ടെത്തി.

ഖത്തർ രാജാവിന്റെ ചിത്രങ്ങൾ ലോകത്തെ വിഖ്യാത ചിത്രകാരന്മാരെക്കൊണ്ട് വരച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് 5 കോടി 5 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തത്. തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി സുനിൽ മേനോനെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം.

ദോഹയിൽ ഒരു കമ്പനിയിൽ ഓഡിറ്റർ ആയിരുന്നു സുനില്‍ മേനോൻ. ജോലി രാജിവെച്ച ശേഷം മറ്റ് വരുമാനമില്ലാതെ കഴിയുമ്പോഴാണ് ഖത്തർ മ്യുസിയത്തിലേക്ക് പുരാവസ്തുക്കൾ ആവശ്യമുണ്ടെന്ന് അറിയുന്നത്. സിംഗപ്പൂർ ,തായ്ലൻറ് മലേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ, ബംഗ്ലാദേശ്, കൊൽക്കത്ത, ആഗ്ര, ജയ്‌പ്പൂർ, ഹൈദ്രാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പുരാവസ്തു ശേഖരങ്ങളുടെ ചിത്രങ്ങൾ മൂസിയത്തിന് സമർപ്പിച്ചെങ്കിലും അധികൃതർ താൽപര്യം കാണിച്ചില്ല. തുടർന്ന് അമേരിക്കയിലെ ഓൺലൈൻ ബിസിനസ് കമ്പനി എന്ന പേരിൽ വ്യാജ അഡ്ഡ്രസ് ഉണ്ടാക്കി രാജകുടുംബാംഗത്തിന്റെ പേരിലാണ് പുതിയ തട്ടിപ്പ് നടത്തിയത്.

രാജാവിന്റെ ചിത്രങ്ങർ പ്രമുഖരായ ചിത്രകാരന്മാരെക്കൊണ്ട് വരച്ചുനൽകാമെന്ന കരാർ മ്യൂസിയത്തിന്റെ ചെയർപേഴ്സൺ ആയ രാജാവിന്റെ സഹോദരിയുടെ വ്യാജ ഈമെയിൽ അഡ്ഡ്രസിലൂടെ ഇയാൾ മ്യൂസിയം അധികൃതർക്ക് നൽകി. 10 ചിത്രങ്ങൾക്ക് 10 കോടി 10 ലക്ഷം രൂപയ്ക്കായിരുന്നു കരാർ. രാജകുടുംബാംഗത്തിന്റെ സന്ദേശമെന്നു തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതർ മുൻകൂറായായി 5 കോടി 5 ലക്ഷം രൂപ കൊടുങ്ങല്ലൂരുള്ള ഇയാളുടെ എസിബിഐ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു. ഈ പണം ഉടനടി സുനിൽ മേനോൻ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഇയാളുമായി ബന്ധപ്പെടുവാൻ സാധിക്കാതെ വന്നപ്പോൾ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് രാജകുടുംബാംഗത്തിന്റെ പേരിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മ്യൂസിയം അതികൃതർക്ക് സൂചന ലഭിക്കുന്നത്.

തുടർന്ന് തൃശൂർ റൂറൽ എസ്.പി.ക്ക് ഈ മെയിൽ മൂഖാന്തിരവും, ഖത്തർ പ്രധിനിധി നേരിട്ടെത്തിയും പരാതിപ്പെ്ടടു.എറണാകു ളത്തു നിന്ന് പൊലീസ് പിടികൂടുമ്പോൾ വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ കാറടക്കമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഒരു ലക്ഷത്തി അറുപത്താറായിരം രൂപയും തട്ടിപ്പിനായി ഉപയോഗിച്ച ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ വിവിധ കമ്പനികളുടെ പത്തോളം സ്വിം കാർഡുകൾ, പെൻഡ്രൈവുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.