യു.എ.ഇയിലെ അല്‍ഐനില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് രക്ഷിച്ചത്. ഇവരുചെ പാസ്‍പോര്‍ട്ടും തിരികെ കിട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ 1.30നുള്ള വിമാനത്തില്‍ യുവതിയെ നാട്ടിലേക്ക് കയറ്റിവിടും

ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ്, ക്ലീനിങ് തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് പെണ്‍കുട്ടിയെ ഷാര്‍ജയില്‍ എത്തിച്ചത്. സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ ഇവരെ സ്വീകരിച്ചതെന്നും ദീപ എന്നാണ് പേര് പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസിലായതെന്ന് പെണ്‍കുട്ടി പറഞ്ഞു. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലുമില്ലാതെയാണ് ഇവര്‍ കഴിഞ്ഞത്. നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ലക്ഷം രൂപ വേണെമെന്ന നിബന്ധന വെച്ചു. തുടര്‍ന്ന് ഇതിനായി ഫോണ്‍ കൈക്കലാക്കി, നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്നാണ് യു.എ.ഇയിലെ ചിലര്‍ ഇടപാടുകാരെന്ന വ്യാജേന സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 78 പേര്‍ക്ക് തന്നെ കാഴ്ചവെച്ചതായി പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയായ ലൈല അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. സംഘത്തിന്റെ നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ച് പാസ്‍പോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് പാസ്‍പോര്‍ട്ട് തിരികെ ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി തന്നെ പെണ്‍കുട്ടിയെ നാട്ടിലേക്ക് അയക്കും.